Randamoozam

രണ്ടാമൂഴത്തിലെ ഭീമനാകാന്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് നടന്‍ മോഹന്‍ലാല്‍. മാതൃഭൂമി പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഭീമനാകാനുളള മുന്നൊരുക്കങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്. രണ്ടാമൂഴം പ്രമേയമാക്കി ഒരു ശില്‍പ്പി നല്‍കിയ ശില്‍പ്പം, കഥയാട്ടം, ഛായാമുഖി എന്നിങ്ങനെയുളള പരിപാടികളിലൂടെ വര്‍ഷങ്ങളായി ഭീമന്‍ തന്നെ പിന്തുടരുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും. പലതും ത്യജിക്കേണ്ടി വരും. ശരീരമാണ് ഭീമന്റെ ധനം. ഒരു യോദ്ധാവിന്റെ ശരീരമായി താന്‍ മാറണമെന്നും മോഹന്‍ലാല്‍ വിവരിക്കുന്നു. ഗദയാണ് ഭീമന്റെ ആയുധം, ഗദായുദ്ധത്തിലാണ് അദ്ദേഹത്തിന്റെ കേമത്തം. ഗദയുദ്ധം അഭ്യസിക്കണം. ഗദായുദ്ധത്തിനൊപ്പം പലതരത്തിലുളള യുദ്ധമുറകള്‍ സിനിമയിലുണ്ട്. അതെല്ലാം വ്യത്യസ്ത്യമായി ശീലിക്കണം. വ്യത്യസ്ത്യരായ മസ്റ്റേഴ്‌സാവും ഇവ ചിത്രീകരിക്കുക. ഗ്ലാഡിയേറ്റര്‍മാര്‍. മൂന്നോ നാലോ മാസം അമേരിക്കയില്‍ പോയി ഇതിന്റെയെല്ലാം തയ്യാറെടുപ്പിന് മാത്രമായി ചെലവിടേണ്ടി വരും.

കാറ്റിന്റെ പുത്രനാണ് ഭീമന്‍. രഥങ്ങളില്‍ നിന്ന് രഥങ്ങളിലേക്ക് മാറിയുളള യുദ്ധരൂപങ്ങളുണ്ട്. കായികമായി അത് അഭ്യസിക്കേണ്ടി വരും. നാഗന്മാരില്‍ നിന്നും അദ്ദേഹം അഭ്യസിക്കുന്ന യുദ്ധരീതി വേറെയാണ്, കളരിയുടെ വകഭേദങ്ങളുണ്ട്. ഇതല്ലാം ശരീരത്തില്‍ ഉള്‍ക്കൊളളണം. മാത്രമല്ല ഒന്നോ, ഒന്നരയോ വര്‍ഷം മറ്റെല്ലാ പദ്ധതികളില്‍ നിന്നും മാറി പൂര്‍ണമായി രണ്ടാമൂഴത്തിന് മാത്രമായി സമര്‍പ്പിക്കേണ്ടി വരും. ഇത്രയും വലിയ ഒരു സിനിമ ആവശ്യപ്പെടുന്നതാണ് അത്. മലയാളം സിനിമയ്ക്ക് അത്ര പരിചയമില്ലാത്തതാണത്. എന്തായാലും ഭീമന്‍ സഹിച്ചതിനെക്കാള്‍ താന്‍ ഈ സിനിമയ്ക്കുവേണ്ടി സഹിക്കേണ്ടി വരും.

ഭീമന്‍ ത്യജിച്ചതിനെക്കാള്‍ ത്യജിക്കേണ്ടിയും വരും. അതിനെല്ലാം താന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറയുന്നു. രണ്ടാമൂഴം നടക്കുമോ നടക്കില്ലയോ എന്നതൊന്നും തന്റെ വിഷയമല്ല. ഒരു നല്ല കാര്യം നടക്കുമോ എന്ന് ആശങ്കപ്പെടുന്നതിനെക്കാള്‍, നടക്കില്ല എന്ന് തീരുമാനിക്കുന്നതിനെക്കാള്‍ നടക്കും എന്ന് വിശ്വസിച്ച് അതില്‍ താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് തനിക്കിഷ്ടമെന്നും ലാല്‍ പറയുന്നു. നടക്കും എന്ന് വിശ്വസിച്ച് ഒരു സ്വപ്‌നപദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുക എന്നതാണ് ഏറ്റവും വലിയ ആനന്ദമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

Comments

Popular posts from this blog

ഓര്‍മ്മകളില്‍ നന്ദിത

മോനിഷ

ഞാൻ പിറന്ന നാട്ടിൽ