തിലകൻ
തിലകൻ Thilakan
വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍റെ വിയോഗത്തിന് ആറ് വയസ്. ഹൃദയസ്തംഭനം 2012ല്‍ അഭിനയ കുലപതിയെ ഭൂമിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ മാത്രം ബാക്കിയായി. അത്രത്തോളം ഓരോ വേഷവും വ്യത്യസ്തമാക്കുകയും സിനിമയുടെ സിലബസിലേക്ക് എഴുതിച്ചേര്‍ക്കുകയും ചെയ്‍തിരുന്നു തിലകന്‍.
തിലകനില്ലാതെ മലയാള സിനിമ ആറു വര്‍ഷങ്ങൾ കടന്നു പോയിരിക്കുന്നു. അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു തിലകന്‍. തിലകന്‍ ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. തിലകന്‍ വെള്ളിത്തിരയിലും സ്റ്റേജിലും അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എക്കാലത്തും സജീവമായി നിലനില്‍ക്കാന്‍ അതു തന്നെ ധാരാളം.
അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്റെ വരവ്. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.
കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറിവന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.
നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു.
രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, 2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം, മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം, കൂടാതെ മറ്റ് പുരസ്കാരങ്ങള്‍ സിനിമാ ലോകം തിലകനെ അംഗീകരിക്കാന്‍ മടി കാണിച്ചിരുന്നില്ല. 2009ല്‍ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു.
സംസ്ഥാനപുരസ്കാരം
മികച്ച നടൻ
1990 - പെരുന്തച്ചൻ
1994 - ഗമനം, സന്താനഗോപാലം
മികച്ച സഹനടൻ/രണ്ടാമത്തെ നടൻ
1982 - യവനിക
1985 - യാത്ര
1986 - പഞ്ചാഗ്നി
1987 - തനിയാവർത്തനം
1988 - മുക്തി, ധ്വനി
1998 - കാറ്റത്തൊരു പെൺപൂവ്
പ്രത്യേക ജൂറിപുരസ്കാരം
1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്
ഫിലിംഫെയർ പുരസ്കാരം
1990 - പെരുന്തച്ചൻ
2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന്ത്യ)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്
മറ്റു പുരസ്കാരങ്ങൾ
2002 - ബഹദൂർ പുരസ്കാരം
2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.
തിലകന്റെ മക്കളായ ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവർ ചലച്ചിത്ര-സീരിയൽ നടന്മാരും ഡബ്ബിങ് കലാകാരന്മാരുമാണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരു മാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്. മലയാളത്തിന്റെ നടനതിലകം അഭിനയത്തിന്റെ പെരുംതച്ചന്റെ ഓർമ്മകൾക്ക് മുമ്പിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂനിയന്റെ പ്രണാമം 🙏
“ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”-തിലകൻ
Comments
Post a Comment