രാക്ഷസൻ
Movie : രാക്ഷസൻ
Language : തമിഴ്
Director : റാം കുമാർ
ത്രില്ലർ സിനിമ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കൊറിയൻ സിനിമകൾ ആയിരിക്കും. ഇന്ത്യൻ സിനിമയിൽ പല ഭാഷകളിലായി നിരവധി ത്രില്ലർ സിനിമകൾ വന്നെങ്കിലും അതിനെയൊക്കെ നമ്മൾ താരതമ്യം ചെയ്യുക കൊറിയൻ സിനിമകളെയോ മറ്റു ഇന്റർനാഷണൽ സിനിമകളുമായിട്ടാണ്. ഇവിടെ ഇറങ്ങി കൊട്ടിഘോഷിക്കപ്പെട്ട ഗംഭീര സിനിമകൾ അധികവും പല വിദേശ സിനിമകളിൽ നിന്ന് ചുരണ്ടി എടുത്തതാണെന്നുള്ളത് മറ്റൊരു സത്യം.
വിവിധ ഭാഷകളിലായി എത്രയോ മികച്ച ത്രില്ലർ സിനിമകൾ നമ്മൾ കണ്ടു കഴിഞ്ഞു. ഒരു സൈക്കോ കില്ലറുള്ള ഇൻവെസ്റ്റിഗേഷൻ കഥകൾ തന്നെയായിരുന്നു അതിൽ പകുതിയും. വീണ്ടും ഒരു സൈക്കോ കില്ലറുടെ കഥ പറയുന്ന സിനിമയുമായി വന്ന രാക്ഷസൻ ഇത്രയും മികച്ച അഭിപ്രായം നേടി മുമ്പോട്ട് പോവുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ റാം കുമാറിന് അവകാശപ്പെട്ട്താണ്. എന്തുകൊണ്ട് മറ്റു പടങ്ങളിൽ നിന്ന് വിത്യസ്തമായി ഒരു നെഗറ്റീവ് പറയാൻ പോലും ഇടം കൊടുക്കാതെ രാക്ഷസൻ ഇത്ര മികച്ച സിനിമയായി മാറിയത്..??
3 പ്രധാന കാരണങ്ങൾ ആണ് പ്രധാനമായും എനിക്ക് തോന്നിയിട്ടുള്ളത്. ഏതൊരു ത്രില്ലർ സിനിമയ്ക്കും അത്യന്താപേക്ഷിതമായ് വേണ്ട 3 കാര്യങ്ങൾ.
പ്രേക്ഷകരെ ഓരോ മിനുട്ടും എൻഗേജ് ചെയ്ത് നിർത്തുന്ന പഴുതുകളില്ലാത്ത മികച്ച തിരക്കഥ, ഓരോ രംഗങ്ങളിലും ആസ്വാദകരെ മുൾ മുനയിൽ നിർത്താൻ പോവുന്നതും , കഥയുടെ മൂഡിലേക്ക് ആളുകളെ കൊണ്ട് വരികയും ചെയ്യുന്ന മികച്ച പശ്ചാത്തല സംഗീതം, ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാവാത്ത വിധം, ലാഗ് തോന്നിക്കാത്ത രീതിയിലുള്ള എഡിറ്റിംഗ്. ഈ മൂന്ന് വിഭാഗവും തമ്മിലുള്ള ഒരു മത്സരം പോലെ ആയിരുന്നു രാക്ഷസൻ സിനിമ കാണുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്.
2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ ആവശ്യമില്ലാത്ത ഒരു സീൻ പോലും നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ സാധിക്കില്ല . അത്ര പെർഫെക്റ്റ് ആയിട്ടാണ് സാൻ ലോകേഷ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സാധാരണ ത്രില്ലർ സിനിമകളിൽ സ്ഥിരം കാണാറുള്ള ഒരു പ്രവണതയാണ് റൊമാൻസ്/സെന്റിമെന്റസ് ഓവർ ഡോസിൽ കുത്തി കയറ്റി ത്രിൽ എലമെന്റ് നഷ്ടപ്പെടുത്തുന്നത്. അവിടെയും രാക്ഷസൻ വിത്യസ്തമാവുന്നു. ഓരോ സീനിലും കഥാപാത്രങ്ങൾ അനുഭവിക്കുന്ന ടെൻഷനേക്കാൾ കൂടുതൽ തിയേറ്ററിലെ സീറ്റിൽ ഇരുന്ന് പ്രേക്ഷകർ അനുഭവികുന്നിടത്താണ് രക്ഷസന്റെ വിജയം.
സിനിമ കണ്ട പ്രേക്ഷകരിൽ ഇത്രയേറെ ഇമ്പാക്ട് ഉണ്ടാക്കാൻ സംഗീത സംവിധായകനായ ജിബ്രാൻ ഒരുക്കിയ മാസ്മരിക സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്.അപാര വശ്യതയുള്ള നമ്മളെ വേട്ടയാടുന്ന ആ പിയാനോ തീമും, ഇടയ്ക്കിടെ വരുന്ന കോരിത്തരിപ്പിക്കുന്ന എല്ലാ BGMകളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പല സീനുകളിലും അവ ഉണ്ടാക്കിയ ആവേശം ഒന്ന് വേറെ തന്നെ ആയിരുന്നു. കടയിൽ ഇരിക്കുന്ന വെറുമൊരു പാവകുട്ടി പോലും നമ്മളിൽ ഇത്ര ഭയം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ജിബ്രാന്റെ വശ്യമായ സംഗീതം ഒന്ന് കൊണ്ട് മാത്രമാണ്.
ഒരു സിനിമ അതും ഒരു തമിഴ് സിനിമ ഇവിടെ കേരളത്തിൽ റീ റീലീസ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ ആ സിനിമയുടെ റേഞ്ച് എന്താണെന്ന്.
ഇനി ചിത്രം ടോറന്റിൽ വന്നു അവിടെ മാത്രം കാണപെടുന്ന ചില ബുദ്ധിജീവികൾ വന്ന് എങ്ങനെയൊക്കെ കുത്തി കീറി ഇതിനെ പോസ്റ്റ് മോർട്ടം നടത്തിയാലും ഭാവിയിൽ ഒരാൾ എന്നോട് ഏറ്റവും മികച്ച ഒരു ത്രില്ലർ സിനിമ സജസ്റ് ചെയ്യാൻ പറഞ്ഞാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാൻ പറയും രാക്ഷസൻ പോയി കാണൂ എന്ന്. ലോക പ്രശസ്ത ത്രില്ലർ സിനിമകൾക്ക് മുമ്പിൽ നമുക്ക് അഭിമാനത്തോടെ കൊണ്ട് വയ്ക്കാൻ പറ്റിയ ഒരു മികച്ച സിനിമ..!!!
നല്ല ക്വാളിറ്റി ഉള്ള തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക.. നിരാശപ്പെടേണ്ടി വരില്ല തീർച്ച...
Comments
Post a Comment